11 മിനിറ്റ് വായിച്ചു

പ്രോസ്‌റ്റേറ്റ് വീക്കത്തിന് റിസം അക്വാബ്ലേഷന്‍ ചികിത്സ ; ഉത്തര മലബാറില്‍ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തിയായി

കണ്ണൂര്‍ : ഉത്തരമലബാറിൻ്റെ ചരിത്രത്തിലെ ആദ്യ റിസം അക്വാബ്ലേഷന്‍ തെറാപ്പി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി വിഭാഗത്തിൽ വിജയകരമായി പൂര്‍ത്തീകരിച്ചു. പ്രോസ്‌റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ രീതിയാണ് റിസം അക്വാബ്ലേഷന്‍ തെറാപ്പി. പ്രോസറ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്ക് പോലും ഫലപ്രദവും വിജയകരവുമായ ചികിത്സ സാധ്യമാകുന്ന റിസം അക്വാബ്ലേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തര മലബാറില്‍ പ്രോസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് സാധിക്കും.പ്രോസ്‌റ്റേറ്റ് വീക്കം മൂലം മൂത്രതടസ്സവും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയും ദൈനംദിന ജീവിതം പോലും ദുസ്സഹമായി മാറുകയും ചെയ്ത കണ്ണൂര്‍ സ്വദേശിയായ 58 വയസ്സുകാരനാണ് റിസം അക്വാബ്ലേഷനിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. നിയന്ത്രിതമായ അളവില്‍ നീരാവി ഉപയോഗിച്ച് വീക്കംവന്ന പ്രോസ്‌റ്റേറ്റ് ഗ്രന്ധി നീക്കം ചെയ്യുന്ന രീതിയാണിത്. പരമ്പരാഗതമായ ശസ്ത്രക്രിയാ രീതികളെ അപേക്ഷിച്ച് വലിയ മുറിവ് ഇതിന് ആവശ്യമായി വരുന്നില്ല. സ്വാഭാവികമായും രക്തനഷ്ടം, വളരെ കുറഞ്ഞ അളവിലുള്ള അനസ്‌തേഷ്യ, അതിവേഗമുള്ള രോഗമുക്തി, ശസ്ത്രക്രിയ അനുബന്ധമായ സങ്കീര്‍ണ്ണതകളുടെ സാധ്യത കുറവ് തുടങ്ങിയ നേട്ടവും ഇതിനുണ്ട്.കണ്ണൂർ ആസ്റ്റർ മിംസിലെ യൂറോളജി വിഭാഗം മേധാവി ഡോ സത്യേന്ദ്രൻ നമ്പ്യാർ, കണ്‍സല്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. അക്ബര്‍ സലിം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രൊസീജ്യര്‍ പൂര്‍ത്തീകരിച്ചത്. ഈ രീതിയില്‍ സങ്കീര്‍ണ്ണതാ സാധ്യതകള്‍ കുറവും ഫലപ്രാപ്തിക്കുള്ള സാധ്യത ഏറ്റവും ഉയര്‍ന്നതുമാണെന്ന് ഡോക്ടർമാർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഡോ. സത്യേന്ദ്രൻ നമ്പ്യാർ, ഡോ. അക്ബര്‍ സലീം, ആസ്റ്റർ മിംസ് കണ്ണൂർ സി എം എസ് ഡോ.സുപ്രിയ രഞ്ജിത്ത്, ഡി ജി എം ഓപ്പറേഷൻസ് ഹെഡ് വിവിൻ ജോർജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!