/
10 മിനിറ്റ് വായിച്ചു

മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്‌

കോട്ടയം > കണ്ണീർമഴയിൽ മനംനിറയെ ഓർമകളുമായി പതിനായിരങ്ങൾ. രാവും പകലും പിന്നിട്ടും ദീർഘദൂരം താണ്ടിയും ഊണും ഉറക്കവുമുപേക്ഷിച്ചും എത്തിയവർ പ്രിയനേതാവിന്‌ യാത്രാമൊഴിയേകി. പുതുപ്പള്ളിയുടെ പര്യായമായി പരിണമിച്ച ഉമ്മൻചാണ്ടിക്ക് ഇനി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ അന്ത്യവിശ്രമം. സന്ധ്യാമണികൾ മുഴങ്ങിയശേഷം ക്രിസ്‌തീയ ദേവാലയങ്ങളിൽ സംസ്‌കാര ശ്രുശ്രൂഷ ചടങ്ങുകൾ നടക്കാറില്ലെന്ന കീഴ്‌വഴക്കം മാറ്റിയാണ്‌ മടക്കം.

ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ അന്ത്യചുംബനം നൽകി. ചുറ്റും പൂക്കൾ വിതറിയ കല്ലറയിൽ മൃതദേഹം വയ്‌ക്കുമ്പോഴും വലിയ ജനക്കൂട്ടം കാത്തുനിന്നു.

ഉമ്മൻചാണ്ടിയുടെ ചുറ്റും പുരുഷാരം നിറഞ്ഞത്‌ ഏതാനും മണിക്കൂറല്ല; ബുധൻ രാവിലെ ഏഴിന്‌ ജഗതി പുതുപ്പള്ളി ഹൗസിൽനിന്ന്‌ യാത്ര തുടങ്ങിയതുമുതൽ അവർ ഒപ്പമുണ്ട്‌. വ്യാഴം വൈകിട്ട്‌ ആറോടെ കോട്ടയം പുതുപ്പള്ളിയിലെത്തുംവരെ. ഒരുരാത്രിയും രണ്ട്‌ പകലുമായി 40 മണിക്കൂറോളം യാത്ര.

പെരുന്ന, രാഷ്‌ട്രീയ കളിത്തൊട്ടിലായിരുന്ന തിരുനക്കര മൈതാനം, കെ കെ റോഡ്‌, കഞ്ഞിക്കുഴി എന്നിവിടങ്ങൾ പിന്നിട്ടായിരുന്നു വ്യാഴാഴ്‌ച വിലാപയാത്ര. കരോട്ട്‌ വള്ളക്കാലിൽ കുടുംബവീട്ടിലും നിർമാണത്തിലുള്ള പുതുപ്പള്ളി വീട്ടിലും പൊതുദർശനത്തിന്‌ അവസരമൊരുക്കിയ ശേഷമായിരുന്നു പള്ളിയിലേക്ക്‌ എത്തിച്ചത്‌. രാഹുൽഗാന്ധിയും സംസ്‌കാരച്ചടങ്ങിനെത്തി.

ഗവർണർമാരായ ആരീഫ്‌ മൊഹമ്മദ്‌ഖാൻ, പി എസ്‌ ശ്രീധരൻപിള്ള, സി വി ആനന്ദബോസ്‌, കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, സംസ്ഥാന മന്ത്രിമാർ എന്നിവരും അന്ത്യോപചാരമർപ്പിച്ചു. സംസ്‌കാര ശുശ്രൂഷകൾക്ക്‌ ബസേലിയോസ്‌ മാർത്തോമ മാത്യൂസ്‌ തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികനായി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!