/
14 മിനിറ്റ് വായിച്ചു

ഉദിച്ചുയർന്ന്‌ ജപ്പാൻ

വെല്ലിങ്‌ടൺ> ജപ്പാൻ കൊടുങ്കാറ്റിൽ നോർവെയും കടപുഴകി. യൂറോപ്യൻ വമ്പുമായി എത്തിയ നോർവെയെ 3–-1ന്‌ തകർത്തുവിട്ട്‌ ജപ്പാൻ വനിതാ ഫുട്‌ബോൾ ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു. എതിർ പ്രതിരോധക്കാരി ഇൻഗ്രിദ്‌ ഏൻജെന്റെ പിഴവുഗോളിലൂടെയാണ്‌ ഏഷ്യൻ ശക്തികൾ മുന്നിലെത്തിയത്‌. റിസ ഷിമിസുവും സൂപ്പർതാരം ഹിനാറ്റ മിയസാവയും ലക്ഷ്യംകണ്ടു. ഗുറോ റെയ്‌ട്ടെനാണ്‌ നോർവെയ്‌ക്കായി ഗോളടിച്ചത്‌. ക്വാർട്ടറിൽ അമേരിക്ക–-സ്വീഡൻ വിജയികളാണ്‌ മുൻ ചാമ്പ്യൻമാരായ ജപ്പാന്റെ എതിരാളി.

ഗ്രൂപ്പിലെ മൂന്നു കളിയും ജയിച്ച്‌, ഗോൾ വർഷിച്ച്‌ എത്തിയ ജപ്പാൻ പ്രീ ക്വാർട്ടറിലും മികവ്‌ തുടർന്നു. തുടക്കം കരുതലോടെയായിരുന്നു. രണ്ടാംപകുതിയിൽ ഉഗ്രരൂപം പുറത്തെടുത്തു. ബോക്‌സിന്‌ പുറത്തുനിന്ന്‌ ഹിനാറ്റ തൊടുത്ത ക്രോസാണ്‌ ആദ്യഗോളിന്‌ വഴിയൊരുക്കിയത്‌. ഈ ഇരുപത്തിമൂന്നുകാരിയുടെ അത്രയൊന്നും അപകടമില്ലാത്ത ഷോട്ട്‌ ഗോൾമുഖത്ത്‌ ശ്രദ്ധയില്ലാതെ പ്രതിരോധിച്ചതിന്‌ ഇൻഗ്രിദ്‌ വലിയ പിഴ നൽകേണ്ടിവന്നു.

സ്വന്തം വലയിൽ വീണ പന്ത്‌ നോക്കിനിൽക്കാനേ നോർവെക്കാരിക്ക്‌ കഴിഞ്ഞുള്ളൂ. ആദ്യ ഗോളിൽനിന്ന്‌ അതിവേഗം നോർവെക്കാർ കരകയറി. മിന്നൽ പ്രത്യാക്രമണത്തിലൂടെ ഒപ്പമെത്തി. വിൽദെ റീസെയുടെ വലതുമൂലയിൽനിന്നുള്ള ക്രോസ്‌ ബോക്‌സിലേക്ക്‌ പറന്നിറങ്ങി. തക്കംപാർത്തിരുന്ന റെയ്‌ട്ടെൻ തകർപ്പൻ ഹെഡ്ഡറിലൂടെ ജപ്പാൻ വലകുലുക്കി. ടൂർണമെന്റിൽ ആദ്യമായാണ്‌ ഏഷ്യൻ സംഘം ഗോൾ വഴങ്ങുന്നത്‌. സ്‌കോർ: 1–-1.ഇടവേള കഴിഞ്ഞെത്തിയ ജപ്പാൻ ഒരു ദാക്ഷിണ്യവും കാട്ടിയില്ല.

കടുത്ത ആക്രമണം അഴിച്ചുവിട്ടതോടെ നോർവെ പ്രതിരോധം ആടിയുലഞ്ഞു. ഹിനാറ്റയുടെ മുന്നേറ്റത്തിൽനിന്നായിരുന്നു രണ്ടാംഗോളിന്റെ തുടക്കം. മുന്നേറ്റക്കാരി നീട്ടിയ പന്ത്‌ നോർവെയുടെ റീസെയ്‌ക്ക്‌ തുരത്താനായില്ല. അടിച്ചകറ്റാനുള്ള ശ്രമം പാളി. ഓടിയെത്തി പന്ത്‌ പിടിച്ചെടുത്ത ഷിമിസു അടി തൊടുത്തു.

81–-ാംമിനിറ്റിൽ മൂന്നാംഗോൾ വന്നു. അബ ഫുജിനോ ഒരുക്കിയ പന്തുമായി ഹിനാറ്റയുടെ ഒറ്റയാൾമുന്നേറ്റം. ഒരു പ്രതിരോധക്കാരിയെയും ഗോളിയെയും മറികടന്ന്‌ പന്ത്‌ വലയിൽ. ഹിനാറ്റയുടെ ലോകകപ്പിലെ അഞ്ചാംഗോളാണിത്‌. ഗോൾവേട്ടക്കാരികളിൽ ഒന്നാമതുണ്ട്‌. കളിയവസാനം കരീന സാവിക്കിന്റെ ഹെഡ്ഡർ ജപ്പാൻ ഗോൾകീപ്പർ അയാക യമഷിറ്റ തടുത്തിട്ടതോടെ നോർവെയുടെ പ്രതീക്ഷകൾ അവസാനിച്ചു. 2015നുശേഷം ആദ്യമായാണ്‌ ജപ്പാൻ ക്വാർട്ടറിൽ ഇടംനേടുന്നത്‌. 2011ൽ ചാമ്പ്യൻമാരാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version