മുഴപ്പിലങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ വയനാട്ടിലെ പാർസർ ലോറി ഡ്രൈവർ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറ വാരമ്പറ്റ പന്തിപൊയിലിലെ ആറങ്ങാടൻ വീട്ടിൽൽ സുബൈർ (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിനടുത്തായിരുന്നു വാഹനാപകടം. കോഴിക്കോട് ഭാഗത്ത് നിന്നുവന്ന ട്രെയിലറിനു പിന്നാലെ അതേ ദിശയിൽ നിന്നും വന്ന പാർസൽ ലോറി ഇടിക്കുകയായിരുന്നു. പാർസൽ ലോറിയിലെ രണ്ടാം ഡ്രൈവറായിരുന്നു സുബൈർ. അപകട സമയം സുബൈർ ക്ലീനറുടെ സീറ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുവിട്ടുകൾക്ക് വിട്ടു നൽകി. പന്തിപൊയിലിലെ പരേതനായ മുഹമ്മദലി, നഫീസ ദമ്പതികളുടെ മകനാണ് സുബൈർ. ഭാര്യ: ഹാജറ. മക്കൾ: അബ്ദുൽസമദ്, ഷംന. സഹോദരികൾ: സഹരിയ, റുഖിയ.