നെടുമ്പാശേരി:ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച് വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.
കുഴിയിൽ വെളളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദേശീയപാതയിൽ ടാറിങ്ങ് പൂർത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയിൽ പെട്ടാണ് ഹാഷിമിന്റെ മരണം. ഇതിനുമുമ്പും നിരവധി യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ദേശീയപാത അതോറിറ്റിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് എംഎൽഎ അൻവർ സാദത്ത് ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയും കോൺട്രാക്ട് കമ്പനിയു൦ തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം വിളിച്ചിട്ടു൦ ദേശീയ പാത പ്രതിനിധി എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.