പയ്യന്നൂർ : റോഡരികിൽ ചുറ്റിവെച്ചിരുന്ന വൈദ്യുത കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ കേസ്. ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോൽ പ്രശാന്തിന്റെ (40) പരാതിയിലാണ് കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.കഴിഞ്ഞമാസം 26-ന് രാത്രി ഏഴേകാലോടെ ചെരിച്ചിൽ ടോപ്പ് കരിങ്കൽ ക്വാറിക്ക് സമീപമാണ് അപകടമുണ്ടായത്. പരത്തിക്കാടുനിന്ന വീട്ടിലേക്ക് തിരിച്ചുപോകും വഴിയായിരുന്നു അപകടത്തിൽ പെട്ടത്.
ഒരുമാസം മുൻപ് പൊട്ടിവിണ വൈദ്യുതി ലൈൻ വൈദ്യുതിവകുപ്പ് ജീവനക്കാർ കൂട്ടിക്കെട്ടാതെ ഇരുഭാഗത്തുമായി ചുരുട്ടിവെക്കുകയായിരുന്നു. ഈ കമ്പിച്ചുരുൾ താൻ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ടയറിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രശാന്തിന്റെ പരാതി. അപകടത്തെ തുടർന്ന് അത്യാസന്നനിലയിലായിരുന്ന പ്രശാന്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം ഇപ്പോൾ വീട്ടിൽ ചികിത്സ തുടരുകയാണ്. പ്രശാന്തിന്റെ പരാതിയെത്തുടർന്ന് പയ്യന്നൂർ എസ്.ഐ. പി. വിജേഷും സംഘവും അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ കേസെടുത്തത്.
അതേസമയം സമീപത്തെ സ്ഥലമുടമയായ തോട്ടടുത്ത് മധുവിനെതിരെ രാമന്തളി കെ.എസ്.ഇ.ബി അധികൃതർ പയ്യന്നൂർ പോലീസിൽ പരാതി നൽകി. ഇയാളുടെ പറമ്പിലെ മരം മുറിച്ചപ്പോൾ ചുറ്റിവെച്ചിരുന്ന വൈദ്യുതി ലൈൻ സ്ഥാനം മാറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് ഇവരുടെ പരാതി. പോലീസ് ഇതേപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടർന്ന് മുപ്പതോളം തൂണുകളിട്ട് ലൈൻ വലിച്ചാണ് ഈ റോഡിൽ പഞ്ചായത്ത് തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നത്. പ്രശാന്തിന്റെ അപകടത്തിന് ഒരുമാസം മുമ്പ് പൊട്ടിയ ലൈൻ പുനസ്ഥാപിക്കാത്തതിനെ തുടർന്ന് കണ്ണടച്ചതാണ് ഇവിടുത്തെ തെരുവു വിളക്കുകളും.ഇതുവരെയായിട്ടും തെരുവു വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കാത്തതും ജനങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.