ശബരിമല:കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കുമാത്രമേ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേർക്ക് ദർശനം നടത്താം. ദർശനത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം.തിരിച്ചറിയൽ രേഖയും വേണം. 17-ന് രാത്രി ഒൻപതിന് നടയടയ്ക്കും. പിന്നീട് മീനമാസപൂജകൾക്കും ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് നട തുറക്കും. ഒൻപതിനാണ് കൊടിയേറ്റ്. 18-ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19-ന് രാത്രി നടയടയ്ക്കും.