നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയില്‍ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതിനെതിരേയും നടപടി ആവശ്യപ്പെട്ടാണ് മന്ത്രി പരാതി നല്‍കിയത്.നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി പിസി വിഷ്ണുനാഥ് നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സഭയിലെ മാധ്യമ വിലക്ക് ഇതുവരെ കേട്ട് കേള്‍വിയില്ലാത്തതാണെന്നും ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളുടെ നിഷേധമാണെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ ചൂണ്ടിക്കാട്ടി. വിലക്കിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.