കണ്ണൂർ : നഗര ഹൃദയത്തിൽ റോഡിൽ കുഴഞ്ഞു വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് സാമൂഹിക പ്രവർത്തകൻ വിപി സജിത്തും കൂട്ടുകാരും. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മുന്നിലാണ് സംഭവം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് സ്റ്റേഷനു സമീപത്തെ പോലീസിന്റെ സൗജന്യ ഭക്ഷണ വിതരണ ശാലയായ അക്ഷയപാത്രത്തിൽ സേവന പ്രവർത്തനം നടത്തുന്നതിനിടയിലാണ് സജിത്ത് ആ കാഴ്ച കണ്ടത്. മറ്റൊന്നുമാലോചിക്കാതെ സജിത്ത് ചാടി ഇറങ്ങി. റോഡിൽ വീണു കിടക്കുന്നയാളിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും മറ്റ് പ്രാഥമിക ശുശ്രൂഷ നൽകുകയുമായിരുന്നു.ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റും കണ്ണൂർ ട്രോമ കെയർ എക്സിക്യൂട്ടീവ് മെമ്പറുമായ വി പി സജിത്തിന് സഹായവുമായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥൻ എ വി സതീഷ് കുമാറും കൂടെയുണ്ടായിരുന്നു.വീണ് കിടക്കുന്നയാളിന്റെ പൾസ് നോക്കുകയും പൾസ് നിലച്ച നിലയിൽ കണ്ടതിനാൽ സി പി ആർ നൽകുകയും ഉടനെതന്നെ അദ്ദേഹത്തെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ പോലീസ് കാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന സംശയത്താൽ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വീണു കിടക്കുന്ന ആളിന്റെ ജീവൻ രക്ഷിക്കാനായത്.