പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി.അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ.ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പിടിയിലായി.അതിനിടെ, കൊലക്കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.എസ്ഡിപിഐയുടെ മലപ്പുറം പുത്തനത്താണി ഏരിയാ പ്രസിഡന്‍റ് അബ്ദുള്‍ ഹക്കീമിനാണ് പാലക്കാട് ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാനിടയായത് പ്രോസിക്യൂഷന്‍ വീഴ്ചയെന്നായിരുന്നു ബിജെപി ആരോപണം. കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.