മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ.കെ. ശശീന്ദ്രന്. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം.വി. ഗോവിന്ദന് തുടക്കമിട്ടതെന്നും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എൻ.സി.പിയുടെയും നിലപാടെന്നും എ.കെ. ശശീന്ദ്രന് പറഞ്ഞു.
യു.ഡി.എഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഇപ്പോള്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. വര്‍ഗീയതയ്ക്കെതിരെയുള്ള ചര്‍ച്ചകളില്‍ മതേതര ശക്തികള്‍ ജാഗ്രത പാലിക്കണമെന്നും രാജ്യതാൽപര്യം സംരക്ഷിക്കണമെന്നും ലീഗ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതൊരു മുന്നണി വിഷയമല്ല. രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് പ്രശ്നമാണ്. ആ ദേശീയ പ്രശ്നങ്ങളില്‍ ഒരു കൂട്ടായ്മയുണ്ടാകണമെന്ന നിലപാടിലേക്ക് ലീഗ് എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും എ.കെ. ശശീന്ദ്രന് പ്രതികരിച്ചു.