കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം.ഇന്നലെ രാത്രിയാണ് തരൂര്‍ തിരുവനന്തപുരത്തെത്തിയത്.കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്പ് തയ്യാറാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലവില്‍ രണ്ടുചേരിയിലാണ്. എംപിമാരായ എം കെ രാഘവനും ഹൈബി ഈഡനും മാത്യു കുഴല്നാടന് എംഎല്‍എയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.
അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്, കെ സുധാകരന് എന്നിവര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കൊപ്പമാണ്. തരൂരും ഖര്‍ഗെയും യോഗ്യരാണെന്ന് അഭിപ്രായപ്പെട്ട സുധാകരന് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിര്‍ദേശിക്കില്ലെന്ന് രണ്ടു ദിവസം മുന്‍പു പറഞ്ഞിരുന്നു.
എന്നാല്‍ ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗം രംഗത്തെത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വത്തിലെത്തണമെന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും വാദത്തെ നിരാകരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളടക്കം പരസ്യപ്രതികരണവുമായി രംഗത്തുണ്ട്.
ഖാര്‍ഗെയുടെ അനുഭവസമ്പത്തും പരിചയവും പാര്‍ട്ടിക്ക് ശക്തിപകരുമെന്നാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന ഭയമാണ് കേരള നേതാക്കളുടെ എതിര്‍പ്പിനു പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തിരിച്ചടിക്കുന്നു.