//
11 മിനിറ്റ് വായിച്ചു

‘പാല്‍പ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യം’; വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ ശശികല

വയലാർ അവാർഡ് എസ് ഹരീഷിന്‍റെ മീശ എന്ന നോവലിന് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. വയലാർ അവാർഡ് നിർണയ കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല, മറിച്ച് വയലാറിനെത്തന്നെയാണെന്ന് ശശികല പ്രസ്താവനയില്‍ പറഞ്ഞു. മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണ് അപമാനിച്ചിട്ടുള്ളത്.

ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്‍റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്‍റെ സ്വീകരണ മുറിയിൽ കൊണ്ട് വയ്ക്കുന്നത് പാല്‍പ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ്.

ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാർഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല പറഞ്ഞു.

സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കിൽ കേറി പ്രതിഷേധിച്ച സാറാ ജോസഫിൽ നിന്ന് സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദു വിരുദ്ധതയ്ക്ക് സമ്മാനം കൊടുക്കണമെങ്കിൽ ആകാം, പക്ഷേ അത് വയലാറിന്‍റെ പേരിൽ ആകരുതായിരുന്നു. ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

വിവാദങ്ങൾ മറികടക്കുന്ന അസാമാന്യ രചനാരീതിയാണ് നോവലിന്‍റേതെന്ന് ജുറി അംഗം സാറാ ജോസഫ് പ്രതികരിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ മൂന്നാം ലക്കത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളും വിവിധ സംഘടനകളുടെ എതിർപ്പും മൂലം പിൻവലിച്ചിരുന്നു.

പിന്നീടാണ് ഡിസി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിച്ചത്. നേരത്തെ കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ജെസിബി സാഹിത്യ പുരസ്കാരവും ‘മീശ’യ്ക്ക് ലഭിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version