മലപ്പുറം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നീക്കം ചെയ്യുന്നതിനായി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ യു ഡി എഫിൽ അഭിപ്രായ സമന്വയം ആയില്ലെന്ന സൂചന നൽകി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്ത്. ഗവർണർക്കെതിരായ ഓർഡിനൻസിനെ പ്രതിപക്ഷം എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സതീശന്‍റെ പ്രഖ്യാപനം ലീഗ് തീരുമാനമല്ലെന്ന് പി എം എ സലാം വ്യക്തമാക്കി. ഗവർണർക്കെതിരായ ഓർഡിനൻസിന്‍റെ കാര്യത്തിൽ ലീഗ് ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും യു ഡി എഫിൽ വിഷയം ചർച്ച വന്നാൽ ലീഗ് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വിവരിച്ചു. ഗവർണർക്കെതിരായ ഓർഡിനൻസ് എതിർക്കുമെന്ന സതീശന്‍റെ പ്രഖ്യാപനം യു ഡി എഫ് തീരുമാനമല്ലെന്നും അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും പി എം എ സലാം മലപ്പുറത്ത് പറഞ്ഞു.
അതേസമയം കെ സുധാകരന്‍റെ ആര്‍ എസ് എസ് പ്രസ്താവന ലീഗ് യോഗം ചർച്ച ചെയ്തെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചെന്നും കെ സുധാകരന്‍ സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിന്‍റെ മറുപടിയില്‍ തൃപ്തിയുണ്ടെന്നും പി എം എ സലാം പറഞ്ഞു. ലീഗിന്‍റെ ശക്തമായ പ്രതിഷേധം ഫലം കണ്ടെന്നാണ് വിശ്വാസമെന്നും ലീഗ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. കെ പി സി സി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും പി എം എ സലാം വ്യക്തമാക്കി.