/
11 മിനിറ്റ് വായിച്ചു

മണിപ്പുരിനെ രക്ഷിക്കുക; എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ 27ന്‌

തിരുവനന്തപുരം> ‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ പങ്കെടുക്കും. മണിപ്പുരിൽ നടക്കുന്ന അക്രമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണ്‌. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ്‌  കേന്ദ്രം സ്വീകരിക്കുന്നതെന്നും എൽഡിഎഫ്‌ യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ അദ്ദേഹം പറഞ്ഞു.

ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ മുന്നോടിയായി 14 ജില്ലയിലും ഞായറാഴ്‌ച എൽഡിഎഫ്‌ യോഗം ചേരും. തിങ്കളാഴ്‌ച മണ്ഡലം കമ്മിറ്റികളും ചേരും. എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും എന്താണ്‌ ഇന്നത്തെ കേരളം എന്ന്‌ വ്യക്തമാക്കാനും പ്രഗൽഭരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിക്ക്‌ എൽഡിഎഫ്‌ പൂർണ പിന്തുണ നൽകും. നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാറുകളും സിമ്പോസിയങ്ങളും നടക്കും. ഏഴിന്‌ പതിനായിരങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയും ഉണ്ടാകും.

രാജ്യത്ത്‌ വർഗീയ ശിഥിലീകരണം ലക്ഷ്യമിട്ടുള്ള ഏക സിവിൽ കോഡ്‌ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന്‌ എൽഡിഎഫ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിലെ എല്ലാ പാർടികളും വിപുലമായ സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതായും ഇ പി ജയരാജൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!