60 വയസ് കഴിഞ്ഞ പട്ടിക വിഭാഗക്കാര്‍ക്ക് ഓണസമ്മാനവുമായി സംസ്ഥാന സര്‍ക്കാര്‍. 60,602 പട്ടിക വിഭാഗക്കാര്‍ക്ക് 1,000 രൂപ വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായുള്ള തുക അനുവദിക്കും.
സങ്കേതങ്ങളുടെ ഉള്ളിലും ചേര്‍ന്നുള്ള പ്രദേശത്തും അതീവ ദുര്‍ഘട പ്രദേശത്തും ലൈഫ് മിഷന്‍ പ്രകാരം വീടുവെയ്ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം ആറ് ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവിറക്കാനും സര്‍ക്കാര്‍ തീരുമാനമായി. കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങളും അനുവദിച്ചു.
കെഎസ്ആര്‍ടിസിയുടെ അടിയന്തര പ്രവര്‍ത്തന ചെലവുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടര്‍വായ്പ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍ ആവശ്യമായ മൂന്നര കോടി രൂപ ഒഴിവാക്കി. ഡിജിറ്റല്‍ സര്‍വകലാശാലക്കായി 27 കോടി രൂപ അടങ്കല്‍ തുക കിഫ്ബി വഴി കണ്ടെത്തി എക്‌സ്‌ക്യൂട്ടീവ് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി.