/
12 മിനിറ്റ് വായിച്ചു

സ‍ര്‍ക്കാര്‍ നി‍ര്‍ദേശത്തിന് പുല്ലുവില:സ്കൂൾ കലാകായിക മേളകൾക്കായി പണപ്പിരിവ്,നിര്‍ബന്ധ പിരിവല്ലെന്ന് വിശദീകരണം

സ്കൂൾ കലാ കായിക മേളകളുടെ നടത്തിപ്പിനായി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും പണപ്പിരിവിന് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം . മേളകളുടെ നടത്തിപ്പിന് ഒരുതരത്തിലുമുളള പണപ്പിരിവും പാടില്ലെന്ന സർക്കാർ നിർദ്ദേശമിരിക്കെയാണ് ഉപജില്ലാ തലത്തിലുളള മത്സരത്തിനായി ധനസമാഹരണത്തിന് എ ഇ ഒ മാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. പണപ്പിരിവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി.

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂൾ കലാ- കായിക മേളകൾ പഴയ പ്രതാപത്തോടെ തിരികെയെത്താനിരിക്കെയാണ് പുതിയ വിവാദം. ഉപജില്ലാ തലത്തിൽ നടത്തുന്ന ശാസ്ത്രമേള, കായികമേള, കലോത്സവം എന്നിവയുടെ നടത്തിപ്പ് ചെലവ് സ്കൂളുകളിൽ നിന്ന് പിരിച്ചെടുക്കാനാണ് എ ഇ ഒ മാർക്ക് നിർദ്ദേശം.

ഹൈസ്കൂൾ വിദ്യാർത്ഥികൾ 50 രൂപ വീതവും,ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾ 60 വീതവും മേളനടത്തിപ്പിനായി നൽകണം.എൽ പി -യുപി അധ്യാപക‍ർ 500 രൂപ പ്രകാരവും ഹയർ സെക്കന്ററി അധ്യാപകർ ശരാശരി 750 രൂപ വീതവും നൽകണമെന്നും നിർദ്ദേശമുണ്ട്.

പണപ്പിരിവിന്‍റെ കാര്യം എല്ലാ സ്കൂളുകളിലെയും നോട്ടീസ് ബോര്‍ഡില്‍ പതിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പുയർന്നതോടെ പലയിടത്തും ഇ മെയിൽ വഴിയാണ് എ ഇ ഒ യുടെ നിർദ്ദേശമെത്തിയത്. മേള നടത്തിപ്പിന് പിടിഎ ഫണ്ടിൽനിന്നോ, സ്പെഷ്യൽ ഫീ ഇനത്തിൽ നിന്നോ ചെറിയ തോതിൽ പണം ഈടാക്കാമെന്നുമാത്രമാണ് വ്യവസ്ഥയുളളത്. കലാ കായിക മേളകളുടെ പേരില്‍ വിദ്യാർഥികളിൽ നിന്ന് യാതൊരു പണപ്പിരിവും പാടില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പരസ്യമായ ലംഘനം കൂടിയാണ് ഇത്.

എന്നാൽ നി‍ബന്ധിത പണപ്പിരിവ് എവിടെയും നടക്കുന്നില്ലെന്നാണ് എ ഇ ഒ മാർ നൽകുന്ന വിശദീകരണം. മേളയുടെ നടത്തിപ്പിന് സർക്കാർ അനുവദിക്കുന്ന തുച്ഛമായ തുക മതിയാകില്ലെന്നും, അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ചാണ് മേള നടത്തിപ്പിനായി പണം പിരിക്കാൻ തീരുമാനമെടുത്തതെന്നും എ ഇ ഒ മാർ വിശദീകരിക്കുന്നു.എന്നാല്‍ ഈ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് കൃത്യമായ വിശദീകരണം നല്‍കുന്നുമില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version