ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു.ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല.
നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇത് 30 ദിവസമായിരുന്നു കാലാവധി. ഇത് പിന്‍വലിക്കുന്നതായാണ് സെര്‍ബിയ അറിയിച്ചിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് സെര്‍ബിയ വിസ രഹിത പ്രവേശനം ആരംഭിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു വിസ നയത്തിലെ നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് ഇന്ത്യന്‍ പൗരന്മാരുടെ വിസാ രഹിത പ്രവേശനം വിലക്കാന്‍ സെര്‍ബിയ തീരുമാനിച്ചത്. ഇതിന് പുറമെ, അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമാണ്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
‘2023 ജനുവരി 1 മുതല്‍, സെര്‍ബിയ സന്ദര്‍ശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിസ ആവശ്യമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സെര്‍ബിയയില്‍ വിസയില്ലാതെ 30 ദിവസം വരെ തങ്ങാനുള്ള അനുമതി സെര്‍ബിയ സര്‍ക്കാര്‍ പിന്‍വലിച്ചു. അതിനാല്‍, 2023 ജനുവരി 1നോ അതിനുശേഷമോ സെര്‍ബിയ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ന്യൂഡല്‍ഹിയിലെ സെര്‍ബിയ എംബസിയിലോ അല്ലെങ്കില്‍ അപേക്ഷകർ താമസിക്കുന്ന രാജ്യത്തെ സെര്‍ബിയ എംബസിയില്‍ നിന്നോ അപേക്ഷിക്കണം,’ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.