ന്യൂഡൽഹി > വനിതാ ഗുസ്‌തിതാരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ബിജെപി എംപിയും റെസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങ് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി. ആറ് വനിതാ ഗുസ്‌തിതാരങ്ങൾ നൽകിയ പരാതിയിൽ എടുത്ത കേസിന്റെ ഭാഗമായി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് റൂസ് അവന്യൂ കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത്‌സിങ് ജസ്‌പാലിന്റെ നിർദേശം.
ബ്രിജ്‌ഭൂഷണോടൊപ്പം കൂട്ടുപ്രതിയായ, സസ്‌പെൻഷനിലുള്ള റെസലിങ്ങ് ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമാറും ഹാജരാകണം. ഏപ്രിൽ 21നാണ് ഏഴ് വനിതാഗുസ്‌തിതാരങ്ങൾ ബ്രിജ്‌ഭൂഷണിന് എതിരെ കൊണോട്ട്‌പ്ലേസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് ഗുസ്‌തിതാരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. ഇതേതുടർന്ന്, പൊലീസ് രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. പ്രായപൂർത്തി ആകാത്ത താരം നൽകിയ പരാതിയിലും കേസെടുത്തു. എന്നാൽ, പരാതിക്കാരിയും പിതാവും പിന്നീട് ആരോപണങ്ങൾ പിൻവലിച്ചു.
ഇതേതുടർന്ന്, ഈ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പൊലീസ് ആവശ്യം പരിഗണിച്ച കോടതി പരാതിക്കാരിയോട് നിലപാട് തേടി. മറ്റ് താരങ്ങളുടെ പരാതിയിൽ എടുത്ത കേസിലാണ് പൊലീസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ലൈംഗികാതിക്രമം, സ്‌ത്രീത്വത്തെ അപമാനിക്കൽ, പിന്തുടർന്ന് ശല്യംചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ബ്രിജ്‌ഭൂഷണ് എതിരെ ചുമത്തിയിട്ടുള്ളത്.