വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്.എഫ്.ഐയുടെ 17-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കമായി. ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു – ധീരജ് – അനീസ് ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ) എസ്.എഫ്.ഐ പ്രഥമ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌തു.
പതാകജാഥകളെ തിങ്കളാഴ്‌ച ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ചു. ഇടുക്കി എൻജിനിയറിങ് കോളേജ് ക്യാമ്പസിലെ ധീരജ് രക്തസാക്ഷി നഗറിൽനിന്നും ബംഗാളിലെ അനീസ്‌ഖാൻ രക്തസാക്ഷി നഗറിൽ നിന്നുമാണ് ജാഥകൾ പുറപ്പെട്ടത്.
രാവിലെ നഗരത്തില്‍ വൻ വിദ്യാർഥി റാലി നടന്നു. വൈകിട്ട് എസ്.എഫ്.ഐ പ്രസിഡന്‍റ് വി.പി. സാനു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സാമൂഹ്യപ്രവര്‍ത്തക ടീസ്‌ത സെതൽവാദും ജസ്റ്റിസ് ചന്ദ്രുവും ചേർന്ന് ഉദ്‌ഘാടനംചെയ്യും. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് കരടുറിപ്പോർട്ട് അവതരിപ്പിക്കും. 25 സംസ്ഥാനത്തുനിന്ന് 720 പ്രതിനിധികൾ പങ്കെടുക്കും.
ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ ഐക്യദാർഢ്യ സമ്മേളനവും ചേരും. 16ന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.