പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാർ പാലക്കാട് കോടതിയെ സമീപിച്ചു. ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്.
മക്കളെ കാണാനില്ലെന്ന ഇവരുടെ പരാതി അന്വേഷിക്കാൻ കോടതി അഭിഭാഷക കമ്മീഷനെ സമീപിച്ചു. ആവാസും ജയരാജും പൊലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ അഭിഭാഷക കമ്മീഷൻ പരിശോധന നടത്തി. തുടർന്ന് പാലക്കാട് നോർത്ത സ്റ്റേഷനിലും പരിശോധിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാർ പറഞ്ഞു.
കേസിൽ 8 പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. എന്നാൽ പ്രതികൾ ഇവർ മാത്രമല്ലെന്നും കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മൂന്നു പേർ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകൾ തന്നെയെന്ന് പി.ജയരാജന്‍. കൃത്യമായി ആര്‍എസ്എസ് ആസൂത്രണം ഉണ്ട്. കൊലപാതകം സിപിഎമ്മിന്‍റെ മേൽ കെട്ടിവയ്ക്കാൻ ആണ് ആര്‍എസ്എസ് ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു. ഇതിനായി ആര്‍എസ്എസ് പല നുണപ്രചാരണവും നടത്തും. കള്ളം പ്രചരിപ്പിക്കാൻ അവർക്ക് നല്ല മെയ് വഴക്കമാണ്. കൊലപാതകത്തിന് പിന്നില്‍ പ്രവർത്തിച്ച ആര്‍എസ്എസ് നേതാക്കളെ കണ്ടുപിടിക്കണം. കോൺഗ്രസ് എന്ത് കൊണ്ടാണ് കൊലയാളികൾ ആര്‍എസ്എസ് ആണ് എന്ന് പറയാത്തതെന്നും പി.ജയരാജന്‍ ചോദിച്ചു. ഷാജഹാന്റെ വീട് ജയരാജൻ സന്ദർശിച്ചു.