പാലക്കാട്: പാലക്കാട് കുന്നങ്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകൾ തന്നെയെന്ന് പി ജയരാജന്‍. കൃത്യമായി ആര്‍എസ്എസ് ആസൂത്രണം ഉണ്ട്. കൊലപാതകം സിപിഎമ്മിന്‍റെ മേൽ കെട്ടിവയ്ക്കാൻ ആണ് ആര്‍എസ്എസ് ശ്രമമെന്നും പി ജയരാജന്‍ ആരോപിച്ചു.
കുറ്റം സിപിഎമ്മിന്‍റെ മേല്‍ കെട്ടിവെക്കാന്‍ ആര്‍എസ്എസ് പല നുണപ്രചാരണവും നടത്തും. കള്ളം പ്രചരിപ്പിക്കാൻ അവർക്ക് നല്ല മെയ് വഴക്കമാണ്. കൊലപാതകത്തിന്പിന്നില്‍ പ്രവർത്തിച്ച ആര്‍എസ്എസ് നേതാക്കളെ കണ്ടുപിടിക്കണം.
കോൺഗ്രസ് എന്ത് കൊണ്ടാണ് കൊലയാളികൾ ആര്‍എസ്എസ് ആണ് എന്ന് പറയാത്തതെന്നും പി ജയരാജന്‍ ചോദിച്ചു. അദ്ദേഹം ഷാജഹാന്റെ വീട് സന്ദർശിച്ചു.
ഷാജഹാന്റെ കൊലപാതകത്തിൽ ആദ്യ വാദത്തിൽ നിന്നും പൊലീസ് മലക്കം മറിഞ്ഞിരുന്നു. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേഷോത്സവത്തിൽ പ്രതികൾ ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു.