//
12 മിനിറ്റ് വായിച്ചു

ഷാജഹാന്‍ വധം: പ്രതികളെ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറുമായി

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറും, മുദ്രാവാക്യം വിളികളുമായി. ശബരീഷ്, അനീഷ്, സുജീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലെ കവ, കൃത്യം നടന്ന കൊട്ടേക്കാട്ടെ കുന്നംകാട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ഷാജഹാനെ വെട്ടാന്‍ ഉപയോഗിച്ച വാളുകളും പൊലീസ് കണ്ടെടുത്തു. കുനിപ്പുള്ളി വിളയപൊറ്റയിലെ ആള്‍ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തത്. വാളുകള്‍ ശേഖരിച്ച പ്രതികളുടെ വീടുകളിലും പൊലീസ് തെളിവെടുത്തു.

2019 മുതല്‍ ഷാജഹാനുമായി വിരോധമുണ്ടായിരുന്നെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. മുന്‍ സിപിഐഎം പ്രവര്‍ത്തകരായ പ്രതികള്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് അകന്നു. പ്രതികളില്‍ ഒരാള്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തതും, കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കവും പക വര്‍ധിച്ചു. ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ മുഴുവന്‍ പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാജഹാന്‍ വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ്‌ഐആറിലും പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ ബിജെപി അനുഭാവികളാണെന്നും എഫ്‌ഐആറിലുണ്ട്. ഷാജഹാന്റെ ശരീരത്തില്‍ 10 വെട്ടുകളുണ്ടായിരുന്നുവെന്നും, കഴുത്തിനും, കാലിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version