വിനയൻ സംവിധാനം ചെയ്ത സിനിമയിൽ നിന്ന് പിന്മാറുവാൻ ഇന്നസെന്റും മുകേഷും ആവശ്യപ്പെട്ടിരുന്നതായി നടൻ ഷമ്മി തിലകൻ.വിനയൻ ചിത്രത്തിൽ അഭിനയിച്ചത് അത് നിനക്ക് ദോഷം ചെയ്യും എന്ന് മുകേഷ് ഭീഷണിപ്പെടുത്തി. ഒരു വഴക്കിന്റെ ആവശ്യമില്ല എന്ന് കരുതി താൻ ആ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. പകരം നടൻ രഞ്ജിത്ത് ആണ് ചിത്രത്തിൽ അഭിനയിച്ചത് എന്നും ഷമ്മി തിലകൻ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും മുകേഷും കൂടിയാണ് ആ പടത്തിൽ നീ അഭിനയിക്കരുത് അഡ്വാൻസ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. അല്ലെങ്കിൽ നിനക്ക് അത് ദോഷമാകും എന്ന് എന്നെ മുകേഷ് ഭീഷണിപ്പെടുത്തി, തമാശയായിട്ട്. ഭീഷണി എന്നത് കത്തി വെച്ച് കുത്തുന്നത് മാത്രമല്ലല്ലോ. തമാശയായിട്ട് ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം. നല്ല ഹ്യൂമർ സെൻസോടുകൂടെ ആക്ഷേപിക്കാം, ഭീഷണിപ്പെടുത്താം. അങ്ങനെ ഭീഷണിപ്പെടുത്തിയാണ് ആ സിനിമയിൽ നിന്ന് എനിക്ക് പിന്മാറേണ്ടി വന്നത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞത്. വിനയന്റെ സിനിമയാണ് അത്. എനിക്ക് പകരം പ്രിയാ രാമന്റെ ഭർത്താവ് ഇല്ലേ രഞ്ജിത്ത്, അദ്ദേഹം ആണ് ആ വേഷത്തിൽ അഭിനയിച്ചത്. അതിൽ എനിക്ക് നല്ല പ്രതിഫലം പറഞ്ഞിരുന്നതാണ്. എനിക്ക് ലഭിച്ച അഡ്വാൻസ് വരെ ഞാൻ തിരികെ നൽകി’, ഷമ്മി തിലകൻ പറഞ്ഞു.
ഗണേഷ് കുമാറിനെതിരെയും ഷമ്മി തിലകൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ‘അമ്മ’ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ എം എൽ എ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്റെ (ആത്മ) ആയുഷ്കാല പ്രസിഡന്റ് അല്ലേ എന്ന് ഷമ്മി തിലകൻ ചോദിച്ചു. ‘അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക് വീടുകള്‍ പണിത് നല്‍കി. അത് അദ്ദേഹത്തിന്റെ എം എൽ എ ഫണ്ടിൽ നിന്നല്ലേ എടുക്കേണ്ടത്. അദ്ദേഹത്തിന് വോട്ട് പിടിക്കാൻ വേണ്ടിയാണോ അമ്മയുടെ ഫണ്ട് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ ചോദിച്ചിരിക്കുന്നത്. അവർക്ക് കുരു പൊട്ടില്ലേ. അതാണ് സംഭവിച്ചത്. അമ്മയുടെ കെട്ടിടം ക്ലബ് ആണ് ബാർ പോലെയാണ് എന്നൊക്കെ അദ്ദേഹം തന്നെയല്ലേ പറഞ്ഞത്. അത് താനെന്നയല്ലേ ഞാനും ആരോപിച്ചത്. പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം എന്ന് വരെ ഞാൻ ആരോപിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറ് കോടിയുടെ കേസുണ്ട്’, എന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.