/
12 മിനിറ്റ് വായിച്ചു

‘സ്ഥിരമായി ഷാരോണിന് ജ്യൂസ്’, അന്നും ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍; വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്ന് പെണ്‍കുട്ടി

പാറശാല ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് വീണ്ടും കുടുംബം രംഗത്ത്. പെണ്‍കുട്ടി ഷാരോണിന് സ്ഥിരമായി ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പ്രതികരിച്ചു. സ്ഥിരമായി ജ്യൂസ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം.പെണ്‍കുട്ടിയും ഷാരോണും ഒന്നിച്ചുള്ള ജ്യൂസ് ചലഞ്ച് വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ഈ വീഡിയോയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പി ജ്യൂസാണ് കാണുന്നത്. ഈ സമയം എന്താണ് ചലഞ്ചെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടാണെന്ന് പെണ്‍കുട്ടി പറയുന്നു. വീഡിയോ റെക്കോര്‍ഡാണെന്ന് പറയുമ്പോള്‍ അത് വേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി ഇന്നും ആവര്‍ത്തിച്ചു. തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് അങ്ങനെ താന്‍ ചെയ്യില്ല. തങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചതാണെന്നും പെണ്‍കുട്ടി പറഞ്ഞു.ഇതിനിടെ ഷാരോണിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്ത പരിശോധനാഫലം പുറത്തുവന്നു.
സംഭവം നടന്ന ഒക്ടോബര്‍ 14ന് നടത്തിയ രക്ത പരിശോധനയില്‍ ഷാരോണിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മറ്റു തകരാറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയര്‍ന്നതായാണ് പരിശോധനാ ഫലത്തില്‍ നിന്നും വ്യക്തമാകുന്നത്.

ആദ്യ രക്ത പരിശോധനയില്‍ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന.

മൊത്തം ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസീലിറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയില്‍ ബിലിറൂബിന്‍ കൗണ്ട് ഡെസീലിറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നതായി പരിശോധനഫലത്തില്‍ കാണുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version