ജയ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ . അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയെന്നാണ് തരൂർ മോദിയെ വിശേഷിപ്പിച്ചത്. “പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയാണ്. ശ്രദ്ധേയമായ ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയമായി അദ്ദേഹം ചെയ്തിട്ടുണ്ട്.ഇത്രയും വലിയ മാർജിനിൽ അദ്ദേഹം വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം വിജയിച്ചു” ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ പറഞ്ഞു. ഒരു ദിവസം ഇന്ത്യൻ വോട്ടർമാർ ബിജെപിയെ അമ്പരപ്പിക്കും.എന്നാൽ ഇന്ന് ജനങ്ങൾ അവർക്ക് അവർ ആഗ്രഹിച്ചത് നൽകിയെന്നും തരൂർ കൂട്ടിച്ചേർത്തു. മോദിയെ പ്രശംസിച്ച തരൂർ അതേസമയം അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ശക്തികളെ മോദി സമൂഹത്തിലേക്ക് അഴിച്ചുവിട്ടു, അത് നിർഭാഗ്യകരമാണെന്ന് തരൂർ ആരോപിച്ചു. യുപി തെരഞ്ഞെടുപ്പു ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചതിൽ താൻ ആശ്ചര്യപ്പെട്ടു. എക്‌സിറ്റ് പോൾ പുറത്തുവരുന്നതുവരെ വളരെ കുറച്ചുപേർ മാത്രമേ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നുള്ളൂ. ഇത്രയും ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സീറ്റുകൾ വർദ്ധിച്ചു, അതിനാൽ അവർ മികച്ച പ്രതിപക്ഷമാണെന്ന് തെളിയിക്കുമെന്നും തരൂർ വ്യക്തമാക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനത്തെക്കുറിച്ചും തരൂർ പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി പാർട്ടിക്ക് വേണ്ടി ശ്രദ്ധേയവും ഊർജ്ജസ്വലവുമായ പ്രചാരണം നടത്തി.തന്റെ കാഴ്ചപ്പാടിൽ, കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നില്ല. ഉത്തർപ്രദേശിലെങ്ങും പ്രിയങ്ക ഉണ്ടായിരുന്നു. സംസ്ഥാനത്തുടനീള അവർ സഞ്ചരിച്ചു. രണ്ട തവണ യുപി പൊലീസ് അവരെ അറസ്റ്റ് ചെയ്തുവെന്നും തരൂർ പറഞ്ഞു.