13 മിനിറ്റ് വായിച്ചു

സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെർമിനൽ നാടിന് സമർപ്പിച്ചു

പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്‍റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകള്‍, റെയില്‍ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികള്‍ ഈ നാലു മേഖലകളിലും ആവിഷ്ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നവീനമായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ സിയാല്‍ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തിനേടാന്‍ സിയാലിന് സഹായകമായി. അതിന്‍റെകൂടി ഫലമായാണ് യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സിയാലിന് കഴിഞ്ഞത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് അധ്യക്ഷനായി. സിയാൽ ഡയറക്‌ടർ എം.എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. മന്ത്രി അഡ്വ.കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികളായി. സിയാൽ ഡയറക്ടർമാരായ കേരള ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ജനപ്രതിനിധികളായ അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, ബെന്നി ബഹനാൻ എം.പി, ഹൈബി ഈഡൻ എം.പി, റെജി മാത്യു, പി.വി. കുഞ്ഞ്, കെ.സി. മാർട്ടിൻ, ഗ്രേസി ദയാനന്ദൻ, ശോഭ ഭരതൻ എന്നിവരും പങ്കെടുത്തു. സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് സ്വാഗതവും സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version