ചക്കരക്കല്ല്: പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ രണ്ടു പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശി കെ.ടി. ഇബ്രാഹിംകുട്ടി, അത്താഴക്കുന്ന് സ്വദേശി പാലോയത്ത് പ്രഭാകരൻ എന്നിവരെയാണ് ചക്കരക്കൽ സി.ഐ എൻ.കെ. സത്യനാഥനും സംഘവും അറസ്റ്റ് ചെയ്തത്. 27ന് മുണ്ടേരി ചിറയിൽ വെച്ച് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയായിരുന്ന ഇബ്രാഹിം കുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു.ഒറ്റ നമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും പണവും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കേരള സർക്കാറിെന്റ ഭാഗ്യക്കുറിയെ തകർക്കുന്ന ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന്റെ മുഖ്യ സൂത്രധാരൻ പ്രഭാകരനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കൊറ്റാളിയിലെ വീട്ടിലെത്തി പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇയാൾക്ക് മൊബൈൽ എജന്റുമാരുണ്ട്.ഇവരിൽ പലരും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതികളെ ഇന്ന് തലശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി. ഇബ്രാഹിം കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. പ്രഭാകരനെ റിമാൻഡ് ചെയ്തു. എസ്.ഐ രാജീവൻ, എസ്.പി.ഒ മാരായ പ്രമോദ്, ധനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.