സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ നടത്തിയ നിയമപോരാട്ടം സമ്മാനിച്ചത് നിരാശ മാത്രമാണെന്ന് മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. അധിക്ഷേപങ്ങളില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. എന്റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാര്‍ത്ഥ ചിത്രവും ചേര്‍ത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടു. ‘ദ്വയാര്‍ത്ഥ ചിത്രമായതിനാല്‍ ഇതു ചെയ്തയാള്‍ ഉദ്ദേശിച്ചത് അങ്ങനെ തന്നെ ആകണമെന്നില്ല’ എന്ന മറുപടിയാണ് പൊലീസില്‍ നിന്ന് കിട്ടിയത്.നഗ്നചിത്രമാണെങ്കില്‍ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാകൂയെന്ന് പൊലീസ് പറഞ്ഞതായും സ്മൃതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.’പരാതി നല്‍കിയിട്ട് 20 ദിവസമായി. പൊലീസ് രണ്ട് തവണ അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പക്ഷെ, ഒരു ചെറുവിരല്‍ പോലും പ്രതിക്കെതിരെ അനക്കിയിട്ടില്ല. എന്നെ കുറിച്ച് പറഞ്ഞ അശ്ലീലവാക്കുകളും പ്രയോഗങ്ങളുമൊക്കെ പൊലീസിന് മുന്നില്‍ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.’ കുറ്റാരോപിതന്‍ എവിടെയാണ്, എന്തു ചെയ്യുന്നു എന്നെല്ലാം പൊലീസ് ചോദിച്ചെന്നും സ്മൃതി ചൂണ്ടിക്കാട്ടി. അയാളെ താന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടിലാണ് പൊലീസ് സംസാരിച്ചത്. സൈബര്‍ മേഖലയിലെ പല കാര്യങ്ങളേക്കുറിച്ചും അന്വേഷണസംഘത്തിനു പോലും വലിയ പിടിയില്ലെന്നാണ് ഞാന്‍ മനസിലാക്കിയ കാര്യം. അവര്‍ക്ക് ക്ലാസെടുക്കേണ്ട ഗതികേടാണ്. ഇപ്പോള്‍ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും വരുമ്പോള്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ കൂട്ടിച്ചേര്‍ത്തു.