സാമൂഹ്യ മാധ്യമം വഴി ഇൻഷുറൻസ് തട്ടിപ്പുമായി തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥ. പ്രധാൻ മന്ത്രി ആവാസ് യോജന ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇല്ലാത്ത ഇൻഷുറൻസിന്റെ പേരിൽ ഇവർ പണം ആവശ്യപ്പെട്ടത്. കൊല്ലം കുമ്മിൽ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജാൻസി കെവിയാണ് തദ്ദേശ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഹൈടെക് തട്ടിപ്പിനു നീക്കം നടത്തിയത്. ഉദ്യോഗസ്ഥ പണം ആവശ്യപ്പെടുന്നതി ഓഡിയോ സന്ദേശം പുറത്തുവന്നു . ശബ്ദസന്ദേശം പ്രചരിച്ചത് ഗ്രാമ വികസന വകുപ്പിന്റെ ഔദ്യോഗിക ഗ്രൂപ്പിലാണ്.ഗുണഭോക്താക്കളിൽ നിന്ന് ഇൻഷുറൻസ് പ്രീമിയം ആയി 5000 രൂപ വീതം സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഇവർ വാട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചു. 20 പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിലെ ചിലരുടെ പരാതിയ്ക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ ഉദ്യോഗസ്ഥയെ താത്കാലികമായി ജോലിയിൽ നിന്ന് നീക്കി.പിഎംഎവൈ പ്രകാരം പൂർത്തിയാക്കുന്ന വീടുകൾക്ക് 1000 രൂപയിൽ താഴെ വരുന്ന ഇൻഷുറൻസാണ് നിലവിലുള്ളത്. ബ്ലോക്കിൽ നിന്ന് അവസാന ഗഡു നൽകുമ്പോൾ ഈ തുക കുറച്ചാണ് കൊടുക്കുക.