സോളാർ കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ പ്രതിയുടെ പീഡന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഇന്നലെ ഡൽഹി കേരള ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. വാഹന രജിസ്റ്റർ അടക്കമുള്ള രേഖകൾ സിബിഐ പരിശോധിച്ചു. കേരള ഹൗസ് ജീവനക്കാരെയും സിബിഐ സംഘം ചോദ്യം ചെയ്തു. സോളാർ കേസിലെ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് സിബിഐയുടെ അന്വേഷണസംഘം ഡൽഹിയിൽ എത്തിയത്. ഈ മാസം 4 മുതൽ 9 വരെയുള്ള തീയതികളിലായി സിബിഐയുടെ രണ്ട് സംഘങ്ങളാണ് ഡൽഹിയിൽ എത്തിയത്.
2012 കാലത്തെ രേഖകൾ ആണ് സിബിഐ പരിശോധിക്കുന്നത്. കാലപ്പഴക്കം ഉള്ളതിനാൽ അന്വേഷിക്കുന്ന പല രേഖകളും സിബിഐക്ക് ലഭിച്ചിട്ടില്ല എന്നാണ് സൂചന. പ്രാഥമിക പരിശോധന മാത്രമാണ് നടന്നതെന്നും, ഡിജിറ്റൽ തെളിവുകൾ അടക്കം വിശദമായി പരിശോധിച്ച ശേഷം വീണ്ടും തെളിവെടുപ്പ് നടത്തും എന്നുമാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.