ഫുട്ബോൾ ലോകക്കപ്പ് ഫൈനലിൽ വിജയിച്ചശേഷം അർജൻറീന ടീം കേരളത്തിനെ എടുത്തുപറഞ്ഞ് നന്ദിയറിയച്ച് ട്വീറ്റ് ചെയ്തതിൽ നീരസം പ്രകടിപ്പിച്ച് യു.പി പൊലീസ് ഉദ്യോഗസ്ഥ. പ്രത്യേക അഭിനന്ദനം ശരിയായ നടപടി അല്ലെന്നും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നുംആത്മാഭിമാനമുള്ള ഇന്ത്യക്കാർക്ക് അത് നീരസമാണുണ്ടാക്കുന്നതെന്നും ഡി.എസ്.പി അഞ്ജലി കഠാരിയ ട്വിറ്ററിൽ പറഞ്ഞു. അർജൻറീന ഫുട്ബോൾ അസോസിയേഷൻ ട്വീറ്റ് തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ട്വീറ്റിൽ കേരളം എന്ന് പ്രത്യേകം നൽകിയിരിക്കുന്നത് മാറ്റണമെന്നാണ് ആവശ്യം
വിശ്വകിരീട നേട്ടത്തിന്റെ പ്രഭയിലേക്ക് കേരളത്തെയും ചേർത്തണച്ച് അർജന്റീന നൽകിയ ട്വീറ്റ് ആണ് അഞ്ജലി കഠാരിയയെ പ്രകോപിപ്പിച്ചത്. . ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിലുടനീളം ടീമിനെ അകമഴിഞ്ഞ് പിന്തുണച്ചതിനാണ് കേരളത്തിലെ ആരാധകർക്ക് അർജന്റീൻ ടീം നന്ദി അറിയിച്ചത്. ‘നന്ദി ബംഗ്ലാദേശ്. കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീറ്റ്.
‘അർജന്റീനയുടെ ഭാഗത്ത് നിന്നും വന്ന ട്വീറ്റ് അശ്രദ്ധമാണ്, രക്ത രൂക്ഷിതമായ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രൂപം കൊണ്ട മൂന്ന് രാജ്യങ്ങൾക്കൊപ്പം കേരളത്തിന് ഒരു പ്രത്യേക അസ്തിത്വം നൽകിയിരിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും നീരസത്തോടെ മാത്രമേ ഇത് വായിക്കാനാകൂ’. എന്നാണ് അഞ്ജലിയുടെ ട്വീറ്റിലെ പരാമർശം.
അർജന്റീനയ്ക്ക് പുറത്ത് ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് ടീമിന് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. അതിനാലാണ് രാജ്യമല്ലാതിരുന്നിട്ടും കേരളത്തിന് പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നേരത്തേ വലിയ കട്ടൗട്ട് സ്ഥാപിച്ചതിന് ബ്രസീൽതാരം നെയ്മറും കേരളത്തിലെ ആരാധകരെ നന്ദി അറിയിച്ചിരുന്നു.