കണ്ണൂർ: പ്രളയത്തിലും മറ്റും കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ ഉൾപ്പെട്ട ശ്രീകണ്ഠപുരം പീപ്ൾസ് വില്ലേജ് ശനിയാഴ്ച വൈകീട്ട് നാലിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ദാനമായി ലഭിച്ച ഒരേക്കർ ഭൂമിയിലാണ് ‘പീപ്ൾസ് വില്ലേജ്’ രൂപപ്പെടുത്തിയിരിക്കുന്നത്. നാല് സെൻറ് വീതം ഭൂമിയിൽ രണ്ട് ബെഡ്റൂം 550 സ്ക്വയർഫീറ്റ് ഭവനങ്ങളാണ് പണിതത്.ഒരു വീടിന് ഏഴു ലക്ഷം രൂപ വീതമാണ് ചെലവ്. 16 മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയായത്. കെ. മുരളീധരൻ എം.പി ഭൂരഹിതരായ ആറു കുടുംബങ്ങൾക്ക് താക്കോൽദാന കർമം നിർവഹിക്കും. കെ.വി. സുമേഷ് എം.എൽ.എ ഏറ്റുവാങ്ങും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്കുള്ള താക്കോൽ ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബുറഹ്മാൻ കൈമാറും. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ.കെ.വി. ഫിലോമിന താക്കോൽ സ്വീകരിക്കും. അഞ്ചു വീടുകളും കമ്യൂണിറ്റി സെൻററും തൊഴിൽപരിശീലന കേന്ദ്രവും ഉൾപ്പെട്ട രണ്ടാംഘട്ട പദ്ധതി ഡൽഹി ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി. ആരിഫലി പ്രഖ്യാപിക്കും.