ശ്രീകണ്ഠപുരം : ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം സ്കൂളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത്. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ടെറസിലാണ് പാനലുകൾ ക്രമീകരിച്ചത്. 40 ലക്ഷം രൂപ ചെലവിൽ 180 പാനലുകളാണ് ഒരുക്കിയത്. ഇവിടെനിന്ന് പ്രതിദിനം 35 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റാ കൺസൾട്ടൻസിയുടെ മേൽനോട്ടത്തിൽ ഇക്കോ പവേഴ്‌സ് എന്ന കമ്പനിയാണ് സൗരോർജ പാനലുകൾ സ്ഥാപിച്ചത്.