തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഊന്നല്‍ നല്കുന്ന പാഠഭാഗങ്ങള്‍ (ഫോക്കസ് ഏരിയ) 60 ശതമാനമാണെങ്കിലും എ പ്ലസ് നേടാന്‍ ഇത്തവണ പാഠപുസ്തകം പൂര്‍ണമായും പഠിക്കണം.ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങള്‍ 70 ശതമാനത്തില്‍ പരിമിതപ്പെടുത്താനും 30 ശതമാനം പൂര്‍ണമായും മറ്റ് പാഠഭാഗങ്ങളില്‍ നിന്നുമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതോടെയാണിത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്ബൂര്‍ണ എ പ്ലസ് നേടിയവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയും അതുവഴി പ്ലസ് വണ്‍, ബിരുദ പ്രവേശനത്തിലുണ്ടായ പ്രതിസന്ധിയും മുന്‍നിര്‍ത്തിയാണ് ഇത്തവണ ചോദ്യപേപ്പര്‍ പാറ്റേണില്‍ മാറ്റം വരുത്തുന്നത്.കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്നായിരുന്നു. 20 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയ ഉള്‍പ്പെടെ മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നും. ഇതുവഴി 100 ശതമാനം മാര്‍ക്കിനും ഫോക്കസ് ഏരിയയില്‍നിന്ന് തന്നെ ഉത്തരമെഴുതാന്‍ കഴിയുമായിരുന്നു.ഫലത്തില്‍ ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മുഴുവന്‍ എ പ്ലസ് നേട്ടത്തിലെത്താന്‍ മുഴുവന്‍ പാഠഭാഗങ്ങളും പഠിച്ചിരിക്കണമെന്ന് ചുരുക്കം.
കഴിഞ്ഞ വര്‍ഷം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ (100 ശതമാനം അധികം ചോദ്യങ്ങള്‍) ചോദ്യപേപ്പറില്‍ നല്കിയിരുന്നെങ്കില് ഇത്തവണ 50 ശതമാനം ചോദ്യങ്ങളാണ് അധികം നല്‍കുക. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചോദ്യപേപ്പര്‍ തയാറാക്കുന്നതിനുള്ള ശില്പശാല എസ്.സി.ഇ.ആര്.ടിയുടെ സഹകരണത്തോടെ പരീക്ഷ ഭവനില്‍ നടന്നുവരികയാണ്. ശില്പശാലയിലാണ് 30 ശതമാനം ചോദ്യങ്ങള്‍ പൂര്‍ണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ സമ്ബ്രദായം നടപ്പാക്കിയത്. ഇത്തവണ നവംബര്‍ മുതല്‍ സ്കൂളുകള്‍ തുറന്നതോടെയാണ് ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങള്‍ 40 ശതമാനത്തില്‍നിന്ന് 60 ആക്കിയതും ഇതില്‍ നിന്നുള്ള ചോദ്യങ്ങള്‍ 80 ശതമാനത്തില്‍നിന്ന് 70 ശതമാനമാക്കിയതും.
ചോദ്യപേപ്പര്‍ പാറ്റേണ്‍ ഇങ്ങനെ 80 മാര്‍ക്കിന്റെ പരീക്ഷക്ക് 70 ശതമാനമെന്ന നിലയില്‍ 56 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. ബാക്കി 24 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ (30 ശതമാനം) ഫോക്കസ് ഏരിയക്ക് പുറത്തുനിന്നും.
40 മാര്‍ക്കിന്റെ പരീക്ഷക്ക് 28 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നും 12 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നും.
80 മാര്‍ക്കിന്റെ പരീക്ഷക്ക് ഒരു മാര്‍ക്കിനും രണ്ട് മാര്‍ക്കിനും നാല് മാര്‍ക്കിനും ആറ് മാര്‍ക്കിനും എട്ട് മാര്‍ക്കിനും ഉത്തരമെഴുതേണ്ടവ എന്നിങ്ങനെ അഞ്ച് പാര്ട്ടുകളുണ്ടായിരിക്കും.ഇതില്‍ ഒരു മാര്‍ക്കിന് ആറ് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ളതില്‍ നാലെണ്ണത്തിന് ഉത്തരമെഴുതണം. നാല് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദിക്കും. നാലിനും ഉത്തരമെഴുതണം. രണ്ട് മാര്‍ക്കിനുള്ള അഞ്ചു ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കുന്നതില്‍ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് രണ്ട് മാര്‍ക്കിനുള്ള മൂന്ന് ചോദ്യങ്ങളുണ്ടാകും. ഇതില്‍ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. നാല് മാര്‍ക്കിനുള്ള അഞ്ച് ചോദ്യങ്ങളായിരിക്കും ഫോക്കസ് ഏരിയയില്‍ നിന്നുണ്ടാകുക.ഇതില്‍ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് നാല് മാര്‍ക്കിന് രണ്ട് ചോദ്യങ്ങളായിരിക്കും. ഇതില്‍ ഒന്നിന് ഉത്തരമെഴുതണം.ആറ് മാര്‍ക്കിന്റെ നാല് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്ന് വരുന്നതില്‍ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് മൂന്ന് ചോദ്യങ്ങള്‍ വരുന്നതില്‍ രണ്ടെണ്ണത്തിനും ഉത്തരമെഴുതണം. എട്ട് മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്ന് വരുന്നതില്‍ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. ഈ കാറ്റഗറിയില്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യമുണ്ടാകില്ല.
40 മാര്‍ക്കിന്റെ ചോദ്യപേപ്പറില്‍ ഒരു മാര്‍ക്കിന്റെ ആറ് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന്. ഇതില്‍ നാലെണ്ണത്തിന് ഉത്തരമെഴുതണം. ഏരിയക്ക് പുറത്തുനിന്ന് വരുന്ന മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. രണ്ട് മാര്‍ക്കിന്റെ ഒറ്റ ചോദ്യമായിരിക്കും ഫോക്കസ് ഏരിയയില്‍ നിന്നുണ്ടാകുക, ഇതിന് ഉത്തരമെഴുതണം.
ഏരിയക്ക് പുറത്തുനിന്ന് വരുന്ന രണ്ട് ചോദ്യങ്ങളില്‍ ഒന്നിനും ഉത്തരമെഴുതണം. മൂന്ന് മാര്‍ക്കിന്റെ നാലെണ്ണം ഫോക്കസ് ഏരിയയില്‍നിന്ന് വരുന്നതില്‍ മൂന്നെണ്ണത്തിനും പുറത്തുനിന്ന് വരുന്ന ഏക ചോദ്യത്തിനും ഉത്തരമെഴുതണം. നാല് മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന് വരുന്നതില്‍ രണ്ടെണ്ണത്തിനും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള രണ്ട് ചോദ്യങ്ങളില്‍ ഒന്നിനും ഉത്തരമെഴുതണം. അഞ്ച് മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന് വരുന്നതില്‍ ഒന്നിന് ഉത്തരമെഴുതണം. ഈ കാറ്റഗറിയില്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങളുണ്ടാകില്ല.