52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ‘ഹോം’ എന്ന സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിക്കാത്തതിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല പ്രേക്ഷകരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ പാരഡൈസോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ ഒരു പ്രേക്ഷകൻ പങ്കുവെച്ച പോസ്റ്റിന് മറുപടി നൽകുകയായിരുന്നു സജി ചെറിയാൻ.സിനിമയ്ക്ക് സ്വതന്ത്രമായി നിലനിൽപ്പുണ്ട്. വ്യക്തികളുടെ വിവാദങ്ങൾ സിനിമയെ ബാധിക്കില്ല എന്നാണ് ജൂറി പറഞ്ഞത് എന്ന് സജി ചെറിയാൻ വ്യക്തമാക്കി.
ഹോമിന് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രൻസും മഞ്ജു പിള്ളയും അറിയിച്ചു. ജൂറി ഹോം കണ്ടു കാണില്ല. അത് കൊണ്ടാണ് പുരസ്‌കാരം ലഭിക്കാതിരുന്നത് എന്നാണ് ഇന്ദ്രൻസ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ബലാല്‍സംഗ കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുചോദ്യം. ‘വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്’ എന്ന് ഇന്ദ്രൻസ് പ്രതികരിച്ചു.ഹോമിനെ ജൂറി കാണാതെ പോയതിൽ വിഷമമുണ്ട് എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. ‘ഹോം’ സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ് ‘ഹോം’ ഒടിടി യിൽ ഇറങ്ങിയിട്ട് പോലും ജനം അത് ഏറ്റെടുത്തതാണ്. അത് നേരിട്ടനുഭവിച്ചവരാണ് ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകരും. അതുകൊണ്ട് തന്നെ ഹോം പോലൊരു നല്ല സിനിമയെ കാണാതെ പോയല്ലോ എന്നുള്ള സങ്കടം ഉണ്ട് എന്നും മഞ്ജു പിള്ള പ്രതികരിച്ചു.