//
15 മിനിറ്റ് വായിച്ചു

‘അവര്‍ക്ക് കിട്ടിയ പുരസ്‌കാരം എനിക്ക് കിട്ടിയ പോലെ’;’ഹോം’ സിനിമയെ ഒഴിവാക്കിയതിൽ റോജിന്റെ വേദന മനസിലാക്കുന്നെന്ന് ഇന്ദ്രന്‍സ്

സംസ്ഥാന പുരസ്‌കാരത്തില്‍ നിന്ന് വിജയ് ബാബു നിര്‍മ്മാതാവായ ‘ഹോം’ സിനിമയെ ഒഴിവാക്കിയെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ദ്രന്‍സ്. മികച്ച നടനുള്ള പുരസ്‌കാരം കിട്ടാത്തതില്‍ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കി നടന്‍ രംഗത്തെത്തി. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോന്റേയും ജോജു ജോര്‍ജിന്റേയും ആരാധകനാണ് താനെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.’ബിജു മേനോനും ജോജു ജോര്‍ജിനും കിട്ടിയ പുരസ്‌കാരം എനിക്ക് കിട്ടിയതുപോലെയാണ്. അതില്‍ ഞാന്‍ ആനന്ദിക്കുന്നു. റോജിന്‍ തോമസിന് വേദനയുണ്ടാകും. എല്ലാവരും ഹോം സിനിമയെ അഭിനന്ദിച്ചിരുന്നു. പുരസ്‌കാരം ലഭിക്കാതെ പോയതിന്റെ വേദനയാണ് സംവിധായകന്,’ അടുത്ത കൂട്ടുകാര്‍ക്കും സിനിമകള്‍ക്കും പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമാണുള്ളതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വിജയ് ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ഒരു വിഭാഗത്തിലും അവാര്‍ഡ് നേടാത്തത് വിവാദമായിരിക്കുകയാണ്. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് അര്‍ഹതപ്പെട്ടതാണെന്ന് വാദവുമായി ഒരു വിഭാഗം പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ചിത്രം വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടതാണോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിന്‍ തോമസ് രംഗത്തെത്തുകയുണ്ടായി. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള (ഇന്ദ്രന്‍സ്) പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് പറഞ്ഞു. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നു. എല്ലാ സിനിമകളും കുറേ പേരുടെ അധ്വാനമാണ്. പുരസ്‌കാര നിര്‍ണയത്തില്‍ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനരാലോചിക്കേണ്ടതാണ്. ഇത്തവണ പുരസ്‌കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ലെന്നും റോജിന്‍ പ്രതികരിച്ചു.മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്തെത്തി. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രം ഒലിവര്‍ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്ബുക്കില്‍ പങ്കുവെച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version