/
17 മിനിറ്റ് വായിച്ചു

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്; പുരുഷ – വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം ജേതാക്കൾ

കണ്ണൂർ; സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജേതാക്കൾ. പുരുഷ വിഭാഗത്തിൽ കോഴിക്കോടിനെയും വനിതകളിൽ മലപ്പുറത്തെയും കീഴടക്കിയാണ്‌ തിരുവനന്തപുരം ആധിപത്യം ഉറപ്പിച്ചത്‌. നിലവിൽ പുരുഷ–- വനിതാ ചാമ്പ്യന്മാരാണ്‌ തിരുവനന്തപുരം. ഇരു വിഭാഗങ്ങളിലും കെഎസ്‌ഇബി താരങ്ങളാണ്‌ തിരുവനന്തപുരത്തിനായി കളത്തിലിറങ്ങിയത്‌.

പുരുഷ വിഭാഗം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് കോഴിക്കോടിനെ തകർത്താണ് തിരുവനന്തപുരം ചാമ്പ്യന്മാരായത് (25/23, 25/18, 25/21 ) .വനിതാ വിഭാഗം ഫൈനലിൽ തിരുവനന്തപുരം ഏകപക്ഷീയ സെറ്റുകൾക്ക് (/17, 34 /32 , 25/21 ) മലപ്പുറത്തെ കീഴ്പ്പെടുത്തി.പുരുഷ വിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് എറണാകുളത്തെ മറികടന്ന് തൃശൂരും(19/25,27/25,27/25,25/20) കോഴിക്കോടിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്ത്‌ പത്തനംതിട്ട (25/16, 25/20, 25/16)യും മൂന്നാം സ്ഥാനം നേടി.

പ്രൈം വോളി താരങ്ങളായ എട്ടുപേരാണ്‌ തിരുവനന്തപുരം പുരുഷ ടീമിന്റെ കരുത്തായത്‌. രാജ്യന്തര താരം ഷോൺ ടി ജോണും ജൂണിയർ ഇന്ത്യൻ താരം അൻസൽ മുഹമ്മദും ഉശിരൻ കളിയാണ്‌ പുറത്തെടുത്തത്‌. ഷോണും അബിൽ കൃഷ്‌ണനും കോഴിക്കോടിനെ കിടിലം സ്‌മാഷുകളിലൂടെ വിറപ്പിച്ചു.മുജീബിന്റെയും അഭിനവിന്റെയും കിടയറ്റ ബ്ലോക്കുകളും തിരുവനന്തപുരത്തെ വിജയത്തിലേക്ക്‌ നയിച്ചു. ക്യാപ്റ്റനും സെറ്ററുമായ അരവിന്ദന്റെ പന്തുകളിൽ സ്‌മാഷുകളുടെ പ്രളയമായിരുന്നു. അൻസബിന്റെ ഓൾ റൗണ്ട്‌ പ്രകടനവും മികച്ചതായി.

തിരുവനന്തപുരത്തിന്റെ താരസമ്പത്തിനെ തരിമ്പും കൂസാതെയാണ്‌ യുവത്വം തുളുമ്പിയ കോഴിക്കോട്‌ ടീം കളത്തിൽ വാണത്‌. അന്തർ സർവകലാശാല വോളിയിൽ ചാമ്പ്യന്മാരായ കോഴിക്കോട്‌ സർവകലാശാലയുടെ മൂന്നുപേരാണ്‌ കളി നയിച്ചത്‌. ക്യാപ്‌റ്റനും അറ്റാക്കറുമായ നിസാം എ മുഹമ്മദ്‌, റോണി സെബ്യാസ്‌റ്റ്യൻ, സെറ്റർ അജയ്‌ എന്നിവർ തിരുവനന്തപുരത്തെ ഇടയ്‌ക്കിടെ പ്രഹരിച്ചു. സെമിയിൽ എറണാകുളത്തെ കീഴടക്കിയ ആവേശവും കൂട്ടിനുണ്ടായിരുന്നു. ലിബറോ മനാസും ഓൾ റൗണ്ടർ ഗോകുലും കോഴിക്കോടിനായി കളം നിറഞ്ഞു.

മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ കെ എസ്‌ ജിനി നയിച്ച തിരുവനന്തപുരം വനിതകൾ മലപ്പുറത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു. കെഎസ്‌ ഇബിയുടെ താര നിര മലപ്പുറത്തെ നിരന്തരം ഷോക്കേൽപിച്ചു. ഇന്റനാഷണൽ താരങ്ങളോടാണ്‌ ഏറ്റുമുട്ടുന്നതെന്ന തിരിച്ചറിവിൽ മലപ്പുറത്തിനായി അണിനിരന്ന പൊലീസ്‌ നിര കനത്ത തിരിച്ചടിയും നൽകി. ശ്രുതിയും അനുശ്രീയും സ്‌മാഷുകളിലൂടെയും സൂര്യ പ്രതിരോധത്തിലൂടെയും മലപ്പുറത്തെ ശ്വാസംമുട്ടിച്ചു. മലപ്പുറത്തിന്റെ ഇന്റർനാഷണൽ എസ്‌ ശരണ്യയുടെ ഉശിരൻ സ്‌മാഷുകൾ തിരുവനന്തപുരം പാടുപെട്ടാണ്‌ തടഞ്ഞത്‌. എം കെ സേതുലക്ഷ്‌മിയും അനഘയും ശരണ്യക്ക്‌ മികച്ച പിന്തുണ നൽകി. അജുമോളിന്റെ പ്രതിരോധവും തിരുവനന്തപുരത്തിന്‌ ഭീഷണിയായി. എങ്കിലും നിലവിലുള്ള ചാമ്പ്യന്മാരെ അട്ടിമറിക്കാനുള്ള ശേഷി മലപ്പുറത്തിനുണ്ടായിരുന്നില്ല.

വിജയികൾക്ക് ജില്ലാ കലക്ടർ എസ് . ചന്ദ്രശേഖർ ഉപഹാരം നൽകി. ഇന്ത്യൻ വോളിബോൾ താരങ്ങളായ മനു ജോസഫ് , മിനിമോൾ എബ്രഹാം എന്നിവർ മുഖ്യാഥിതികളായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!