//
12 മിനിറ്റ് വായിച്ചു

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ മെഡിക്കല്‍ കോളജിനെ മികച്ച മെഡിക്കല്‍ കോളജാക്കി മാറ്റുകയാണ് ലക്ഷ്യം. കാസര്‍ഗോഡുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഒപി പ്രവര്‍ത്തനം ആരംഭിച്ചത് കാസര്‍ഗോഡിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മെഡിക്കല്‍ കോളജിനെ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളജാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഒപി വിഭാഗം ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍ഗോഡ് സന്ദര്‍ശിച്ച് സ്ഥിതിഗികള്‍ വിലയിരുത്തിയാണ് ഒപി വിഭാഗത്തിനായുള്ള ക്രമീകരണം നടത്തിയത്. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുക. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡിന്റെ ദീര്‍ഘനാളായുള്ള ആവശ്യമായ ന്യൂറോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ഫാര്‍മസിസുസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് കാസര്‍ഗോഡ് പ്രിന്‍സിപ്പാളിന്റെ അധിക ചുമതല നല്‍കി. ആവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിന്റെ സഹകരണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!