/
9 മിനിറ്റ് വായിച്ചു

തെരുവുനായ ആക്രമണത്തിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടി മറിഞ്ഞ് ആശാവർക്കർക്ക് പരിക്ക്

തളിപ്പറമ്പ്: തെരുവുനായ ആക്രമണത്തിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടി മറിഞ്ഞ് ആശാവർക്കർക്ക് പരിക്കേറ്റു. കുറുമാത്തൂർ പഞ്ചായത്തിലെ ആശാവർക്കറായ കെ.വി ചന്ദ്രമതിക്കാണ് പരുക്കേറ്റത്. കാറുമാത്തൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ആശാവർക്കറായ പൂമംഗലം മേലോത്തുംകുന്ന് ജംങ്ഷനിലെ കെ.വി. ചന്ദ്രമതി കഴിഞ്ഞ ദിവസം ഗർഭിണികൾക്കുള്ള വിറ്റാമിൻ ഗുളിക വിതരണം ചെയ്ത് തിരിച്ചു വരുമ്പോഴാണ് തെരുവുനായ ഓടിച്ചത്.

ഗുളിക വിതരണം കഴിഞ്ഞതിന് ശേഷം ഭർത്താവ് ടി.പി. സുധീർ കുമാറിന്റെ സ്‌കൂട്ടിയിൽ തിരിച്ച് വരുമ്പോൾ ചവനപ്പുഴയിൽ നിന്ന് ഭണ്ഡാരപ്പാറയിലേക്കുള്ള റോഡിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് തെരുവുനായ സ്‌കൂട്ടിക്ക് പിന്നാലെ ഓടിയെത്തിയത്. നായ കടിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട സ്‌കൂട്ടിയിൽ നിന്നും ചന്ദ്രമതി തെറിച്ചു വീഴുകയായിരുന്നു.

ശക്തമായ വീഴ്ച്ചയിൽ മുഖം റോഡിൽ അടിച്ച് മൂക്കിന്റെ എല്ല് പൊട്ടുകയും മുഖത്തും കൈകാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു. മുഖത്തും വായയുടെ ഉൾവശത്തും സ്റ്റിച്ച് ഇടേണ്ടി വന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ നായയെ ഓടിച്ചത് കൊണ്ടാണ് ചന്ദ്രമതിയും സുധീറും കടിയേൽക്കാതെ രക്ഷപെട്ടത്.

നാട്ടുകാരാണ് അപകടം നടന്നയുടൻ ചന്ദ്രമതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ഈ ഭാഗത്ത് നിരവധി നായകൾ കൂട്ടമായെത്തുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെരുവുനായകൾ കൂടുതൽ ആളുകളെ ഉപദ്രവിക്കുന്നത് തടയാൻ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ചന്ദ്രമതി പറയുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version