കോഴിക്കോട് | കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും പതിനേഴ് അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു.
അക്രമകാരിയായ തെരുവുനായകളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. കടിയേറ്റ കുട്ടി പറഞ്ഞ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു നായയെ ചങ്ങരോത്ത് വെച്ച് നാട്ടുകാർ പിടികൂടി.
കഴിഞ്ഞ ആഗസ്റ്റിൽ കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. ഇപ്പോൾ അതേ പ്രദേശത്താണ് തെരുവുനായ ഭീതിയെ തുടർന്ന് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.