മാള > ബിജെപിയുടെ പ്രചാരണ കാർഡ് പിടിക്കാൻ വിസമ്മതിച്ച വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് ബിജെപി ക്കാരെ മാള പൊലീസ് അറസ്റ്റുചെയ്‌തു. പുളിയിലക്കുന്ന് കൂടത്തിങ്കൽ നിതിഷ് (31), വടമ വടക്കുംഭാഗം കാത്തോലി വൈശാഖ് (28), കൊമ്പടിഞ്ഞാമാക്കൽ കുരിശിങ്കൽ ജിൻസൺ എന്നിവരെയാണ് സിഐ സാജൻ ശശി, എസ്ഐ ചന്ദ്രശേഖരൻ, എസ്ഐ ഷാജൻ അഹ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ടൗണിൽ കപ്പലണ്ടി കച്ചവടം നടത്തുന്ന മുഹമ്മദ് ഇല്യാസിനെയാണ് അഞ്ചംഗ ബിജെപി സംഘം ആക്രമിച്ചത്. സിപിഐ എം പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും മുഹമ്മദ് ഇല്യാസിനോട് ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങളടങ്ങുന്ന പോസ്‌റ്റർ ഉയർത്തിപിടിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടതും വിസമ്മതിച്ചപ്പോൾ സംഘം ചേർന്ന് മർദിച്ചതും കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണെന്ന സംശയമുണ്ട്. പ്രതികളെ ചോദ്യം ചെയ്‌താലേ വ്യക്തമാകൂ.
വ്യാഴം രാത്രി എട്ടിനായിരുന്നു സംഭവം. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടം അച്ചടിച്ച പോസ്‌റ്റർ പിടിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. രണ്ടുദിവസം തുടർച്ചയായി മുഹമ്മദ് ഇല്യാസിനെ ഭീഷണിപ്പെടുത്തിയശേഷം വ്യാഴം രാത്രിയാണ് അക്രമിച്ചത്. ചെവിക്ക് മർദനമേറ്റതിനാൽ കേൾവി ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.