കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളേജിൽ സംഘർഷമുണ്ടായത്.ഇന്നലെ വൈകിട്ട് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിലേറ്റുമുട്ടി. 10 പേർക്ക് പരിക്കേറ്റു.ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ മഹാരാജാസ് കോളേജിൽ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു സംഘർഷം.പ്രകടനത്തിനിടെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. സംഘർഷ പരാതികളിൽ അന്വേഷണം നടത്താൻ ഡോ. രമ കൺവീനറും ഡോ.അബ്ദുൽ ലത്തീഫ് ,വിശ്വമ്മ പി.എസ് എന്നിവർ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.