വിദ്യാർഥികളുടെ കൺസഷൻ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സാമ്പത്തികമായുള്ള കൺസഷനെ സംബന്ധിച്ച നിർദേശം മാത്രമാണ് മുന്നോട്ട് വരുന്നത്. ഇത് വിപ്ലവകരമായ നിർദേശമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദ്യാർഥികൾക്ക് ഏത് നിലയിലുള്ള സൗജന്യം ലഭിച്ചാലും വകുപ്പ് സ്വാഗതം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുടരണം എന്നായിരുന്നു ബസ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലെ പൊതു അഭിപ്രായം. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെയാണ് കണ്‍സെഷന്‍ നല്‍കുന്നത്. കുടുംബ വരുമാനത്തിന്‍റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശം.