/
8 മിനിറ്റ് വായിച്ചു

‘അബദ്ധത്തിൽ കളറിങ് പെൻസിൽ വിഴുങ്ങി വിദ്യാർത്ഥി’; കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് അധ്യാപകർ

കളറിങ് പെൻസിൽ വിഴുങ്ങിയ കുട്ടി അധ്യാപകരുടെ അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടു. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രണവ്(6) ആണ് കളർ പെൻസിൽ വിഴുങ്ങി അപകടത്തിലായത്. നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതോടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്. സ്കൂളിൽ വെച്ച് പ്രണവ് നിലയ്ക്കാതെ ചുമക്കുന്നത് അധ്യാപിക കെ ഷിബിയുടെ ശ്രദ്ധയിൽപെട്ടത്.

തുടർന്ന് കുട്ടിയുടെ പോക്കറ്റിൽ നിന്ന് കളറിങ് പെൻസിലിന്റെ ഒരു ഭാ​ഗം കണ്ടെത്തി.ഇതോടെ ബാക്കി കുട്ടി വിഴുങ്ങിയതാണെന്ന് മനസിലാക്കിയ അധ്യാപിക കൃത്രിമശ്വാസം നൽകുകയും സ്കൂളിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുളള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കല്ലമ്പാറയിലെ ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യാത്രയിലുടനീളം അധ്യാപകരായ ഷിബി, കെ എ ജിനി സ്കൂൾ ജീവനക്കാരൻ ടി താരാനാഥ് ബിനോയ് എന്നിവർ കുട്ടിക്ക് കൃത്രിമശ്വാസം നൽകുന്നത് തുടർന്നു. പിന്നീട് വിദ്യാർത്ഥിയുടെ വയറ്റിൽ നിന്ന് എൻഡോസ്കോപ്പിയിലൂടെ പെൻസിൽ പുറത്തെടുക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിയുന്ന കുട്ടി സുഖം പ്രാപിച്ചുവരുകയാണ്.വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാ​ഗം പ്രധാനധ്യാപകൻ കെ പി ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് സമാഹരിച്ചു.പാറയിൽ കുഴിമ്പിൽ ജം​ഗീഷിന്റെ മകനാണ് പ്രണവ്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version