//
11 മിനിറ്റ് വായിച്ചു

“തന്നെ പുറത്താക്കാന്‍ സുധാകരന് അധികാരമില്ല”; ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന് നേതാവ് കെ വി തോമസ്. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ മെയിലോ കത്തോ ഒന്നും തനിക്ക് വന്നിട്ടില്ല.പുറത്താക്കിയ വിവരം അറിയിക്കേണ്ടത് എഐസിസി ആണെന്നും കെ സുധാകരന് അതിന് അധികാരമില്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.‘പുറത്താക്കിയ കാര്യമറിയിക്കാന്‍ ഫോണില്‍ വിളിച്ചെന്ന് പറയുന്നുണ്ട്. പക്ഷേ എനിക്കങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ മറ്റാരെയെങ്കിലും നമ്പര്‍ മാറി വിളിച്ചിരിക്കാം’. കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സംഘടനയെ തകര്‍ക്കാനുള്ള, ഹൈജാക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ് കെ വി തോമസ് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിനെയും വിമര്‍ശിച്ചു.‘എന്താണ് ചിന്തന്‍ ശിബിരിന്റെ മാനദണ്ഡം?. വഴിയില്‍ പോണവരെയൊക്കെ വിളിക്കുന്നതാണോ? അദ്ദേഹം ചോദിച്ചു. പുറത്തായെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് തന്റെ കാഴ്ചപ്പാട് പുറത്തേക്കില്ലെന്ന് വ്യക്തമാക്കിയ കെ വി തോമസ്, എല്‍ഡിഎഫിലേക്ക് പോകില്ലെന്നും ആവര്‍ത്തിച്ചു. അംഗത്വത്തില്‍ നിന്ന് പുറത്താക്കാമെന്നല്ലാതെ ആ ചിന്താഗതിയില്‍ നിന്നോ കാഴ്ചപ്പാടില്‍ നിന്നോ തന്നെ മാറ്റാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.‘തൃക്കാക്കരയില്‍ താന്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഊര്‍ജം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എന്നുപറഞ്ഞ് ചിലര്‍ വെറുതെ നടക്കുകയാണ്. ആ വാക്കിന്റെ പ്രസക്തി പോലും നഷ്ടപ്പെട്ടു. മറ്റൊരു പാര്‍ട്ടിയിലേക്കും ഞാന്‍ പോകാനുദ്ദേശിക്കുന്നില്ല.ജനങ്ങള്‍ക്കൊപ്പവും വികസനത്തിനൊപ്പവും സ്വതന്ത്രനായി നില്‍ക്കും. ഓരോ കാലത്തും ഓരോ ആളുകളുടെ കൊഴിഞ്ഞുപോക്കാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. അസ്ഥികൂടമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്’. കെ വി തോമസ് വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version