സപ്ലൈകോയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ വില വര്‍ധിച്ചത് 16 ഇനങ്ങള്‍ക്ക്. സബ്‌സിഡിയില്ലാത്ത അവശ്യസാധനങ്ങളുടെ വിലയിലാണ് മാറ്റം വന്നിരിക്കുന്നത്. ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സപ്ലൈകോയില്‍ ധാന്യങ്ങള്‍ക്ക് ഒരു രൂപ 60 പൈസ മുതല്‍ ആറു രൂപയിലേറെ വരെ വര്‍ധനവുണ്ടായിട്ടുണ്ട്. ചെറുപയറിന് 4.40 രൂപമുതല്‍ 5.40 രൂപവരെയാണ് കൂടിയത്. ഉഴുന്നിന് 5.10 രൂപയും കടലയ്ക്ക് 4.20 രൂപയും വര്‍ധിച്ചു. തുവരപ്പരിപ്പിന് 5.10 രൂപ മുതല്‍ ആറുരൂപവരെ കൂടി. ഗ്രീന്‍പീസിന് 3.40 രൂപയും കൂടിയിട്ടുണ്ട്. സബ്‌സിഡി നല്‍കുന്ന ധാന്യങ്ങളുടെ വില തല്‍ക്കാലം പഴയവിലയില്‍ തന്നെ തുടരും. ആറു വര്‍ഷമായി വിലവര്‍ധിപ്പിക്കാതെ നല്‍കി വരുന്ന ധാന്യങ്ങളുടെ വില കൂട്ടണമോയെന്നതില്‍ നയപരമായ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.