/
20 മിനിറ്റ് വായിച്ചു

‘വില തുച്ഛം’; സപ്ലൈകോയില്‍ 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ്

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണം സ്‌പെഷ്യല്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്തുന്നതിന് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ ഓണം ഫെയറുകളും 27 മുതല്‍ ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകള്‍ സെപ്തംബര്‍ രണ്ട് മുതല്‍ ഏഴ് വരെ സംഘടിപ്പിക്കും.

കാര്‍ഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ വില്‍പന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മീറ്റ് പ്രോഡക്ട്‌സ് ഓഫ് കൈത്തറി ഉല്പന്നങ്ങള്‍ എന്നിവ മേളയില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ‘സമൃദ്ധി’ എന്ന പേരില്‍ 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് തയ്യാറാക്കി വിപണനം നടത്തും. 1,000 രൂപ വിലയുള്ള സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും.ഇതിന്റെ ഉദ്ഘാടനവും ഫെയറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ സ്വീകരിച്ച് കിറ്റുകള്‍ നേരിട്ടെത്തിക്കും.

ഓണം കൈത്തറി മേള ഉദ്ഘാടനം ഇന്ന് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള 2022ന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

കിഴക്കേക്കോട്ട ഇ.കെ. നായനാര്‍ പാര്‍ക്കില്‍ സെപ്തംബര്‍ ഏഴു വരെയാണു മേള. മേളയില്‍ ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകള്‍, സാരികള്‍, ഒര്‍ജിനല്‍ കസവു സാരികള്‍, കസവു മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, വിവിധതരം ടവ്വലുകള്‍, ഫര്‍ണിഷിംഗ് ക്ലോത്തുകള്‍, ഷര്‍ട്ടിംഗ്, സ്യൂട്ടിംഗ്, റെഡിമെയ്ഡുകള്‍, കൂത്താമ്പുള്ളി സാരികള്‍, ഹാന്റെക്‌സ്, ഹാന്‍വീവ് തുണിത്തരങ്ങളുടെ വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങിയവ 20 ശതമാനം ഗവണ്‍മെന്റ് റിബേറ്റില്‍ ലഭിക്കും.

മേള സന്ദര്‍ശിക്കുന്നവര്‍ക്ക് പരമ്പരാഗത തറിയും ചര്‍ക്കയും നേരിട്ട് കാണുന്നതിനും, ബാലരാമപുരം കൈത്തറികളുടെ ഉത്പാദനപ്രക്രിയയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഒരു തീം പവലിയന്‍ കാണുന്നതിനുമുള്ള അവസരമുണ്ട്. മേള സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് അയയ്ക്കുന്നവരില്‍ നിന്നു ദിവസവും നറുക്കെടുപ്പ് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 1,000 രൂപയില്‍ കുറയാതെ കൈത്തറി വസ്ത്രങ്ങള്‍ സ്റ്റാളില്‍ നിന്നും വാങ്ങിക്കുമ്പോള്‍ 500 രൂപ (20 ശതമാനം റിബേറ്റ്) നു പുറമെ കിഴിവ് ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുമുള്ള 17 സംഘങ്ങളും തൃശൂര്‍ ജില്ലയില്‍ നിന്നുമുള്ള കൈത്തറി സംഘങ്ങളും, ഹാന്‍ടെക്‌സ്, ഹാന്‍വീവ് എന്നിവയും പ്രസ്തുത മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!