ലഹരി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചത്. ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി വാദം.അഞ്ച് മാസത്തിന് ശേഷമാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ബിനീഷിനെതിരെ കൃത്യമായ തെളിവുകളുണ്ട്, സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷിന്റെ വിശദീകരണം തൃപ്തികരമല്ല, കേസിൽ ഇനിയും ചിലരെ ചോദ്യം ചെയ്യാനുളളതിനാൽ ബിനീഷിന് ജാമ്യം നൽകിയത് കേസിനെ ബാധിക്കും, ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷിനെതിരായ കേസിന് അടിസ്ഥാനം, 2012 മുതല്‍ പ്രതികൾ തമ്മില്‍ പണമിടപാട് നടന്നിരുന്നതായി ഇഡി കണ്ടെത്തൽ, ആദായ നികുതി റിട്ടേണുകളിൽ ബിനീഷ് തിരിമറി നടത്തിയെന്നും ഇഡി നൽകിയ ഹർജിയിൽ ആരോപിക്കുന്നു.കളളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയാണ് ബിനീഷ്. കേസിൽ കര്‍ണാടക ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ബിനീഷ് കൊടിയേരിക്ക് ജാമ്യം അനുവദിച്ചത്. ബിനീഷ് കൊടിയേരിക്കെതിരെ നേരിട്ടുളള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത്. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. കോടിയേരി ബാലകൃഷ്ണനോട് രാഷ്ട്രീയ വിരോധമുളളവരാണ് അറസ്റ്റിന് പിന്നിലെന്നായിരുന്നു ബിനീഷിന്റെ ആരോപണം. തന്റെ അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്.ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്നും. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മർദം കാരണമെന്നും ബിനിഷ് കോടതിയോട് പറഞ്ഞിരുന്നു.