ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച വിഷുക്കൈനീട്ട പരിപാടി വിവാദമായതിന് പിന്നാലെ രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്കുന്നതില് എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു. ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു. സുരേഷ് ഗോപിയുടെ വാക്കുകൾ ‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി.ഞാനതുദ്ദേശിച്ചിരുന്നില്ല.കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വർഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.’ഒരു രൂപയുടെ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളത്. അതിൽ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയിൽ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിർവഹണത്തിനിറങ്ങുമ്പോൾ കൈയിൽ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷമാവണേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ്. ആ നൻമ മനസ്സിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു. ചൊറിയൻ മാക്രി പറ്റങ്ങളാണവർ.ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്,’ സുരേഷ് ഗോപി പറഞ്ഞു.ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന് ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്.കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.കഴിഞ്ഞയാഴ്ച മുതല്‍ സുരേഷ് ഗോപി തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ നടത്തി വരികയാണ്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്കി. തുടര്‍ന്ന് ഇവര്‍ക്ക് കൈ നീട്ട നിധി നല്കി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി കൊണ്ട് വന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങിയതാണിത്.